സ്വിറ്റ്സര്‍ലന്‍ഡ്: മൂന്ന് തവണ ഗ്രാൻ സ്ലാം സിംഗിൾസ് ചാന്പ്യനായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാൻ വാവ്റിങ്ക കരിയർ അവസാനിപ്പിക്കുന്നു. 2026 സീസണ് തന്റെ അവസാന സീസണായിരിക്കുമെന്ന് താരം വെളിപ്പെടുത്തി.
“എല്ലാ പുസ്തകങ്ങൾക്കും ഒരു അവസാനം ആവശ്യമാണ്. പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിലെ അവസാന അധ്യായം എഴുതാനുള്ള സമയമാണിത്. 2026 എന്റെ ടൂറിലെ അവസാന വർഷമായിരിക്കും”- വാവ്റിങ്ക വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാർച്ചിൽ 41 വയസ് തികയുന്ന വാവ്റിങ്ക 2014ൽ ഓസ്ട്രേലിയൻ ഓപ്പണും ഒരു വർഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണും 2016ൽ യുഎസ് ഓപ്പണും സ്വന്തമാക്കി.
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പുരുഷ ടെന്നീസിൽ ആധിപത്യം പുലർത്തിയിരുന്ന കാലത്തായിരുന്നു വാവ്റിങ്കയുടെ നേട്ടമെന്നത് മൂല്ല്യം കൂട്ടുന്നു.
16 എടിപി കിരീടങ്ങൾ ഉൾപ്പെടുന്നതാണ് വാവ്റിങ്കയുടെ കരിയർ.2014ൽ ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് താരത്തിന്റെ മികച്ച മുന്നേറ്റം. പരിക്കുകൾ താരത്തെ വലച്ചു. നിലവിൽ 157-ാം സ്ഥാനത്താണ്. 582 ടൂർ-ലെവൽ വിജയങ്ങളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.